ഇതെന്‍റെ മനസ്സിലെ വരികളാണ്....
പക്ഷെ ഇതെഴുതിയത് ഞാന്‍ അല്ല.....
ഞാന്‍ ചിന്തിച്ച വഴിയെ ചിന്തിച്ച G Krishnamurthy യുടെ വരികള്‍.....,.....
അദേഹത്തിന് എന്‍റെ സ്നേഹാദരങ്ങള്‍....,...............................................................................................
മലയാളി എന്നറിയപ്പെടുന്ന മനുഷ്യജീവിയേക്കുറിച്ച് വലിയ
മതിപ്പൊന്നുമില്ലാത്ത ഒരു മലയാളിയാണ് ഞാൻ. മലയാളത്തിന്റെ സംസ്‌കാരം, പാരമ്പര്യം എന്നൊക്കെ പറഞ്ഞ്
പലരും പൊങ്ങച്ചപ്പെടാറുള്ള കാര്യങ്ങളേക്കുറിച്ച് അങ്ങനെ മതിപ്പും തോന്നിയിട്ടില്ല.
മലയാളിയായി ജനിക്കേണ്ടി വന്നത് ഒരു ഗതികേടായിട്ടേ ഇന്നുവരെ തോന്നിയിട്ടുള്ളു.
കരഞ്ഞുവിളിച്ച് വാങ്ങിയെടുത്ത മലയാളഭാഷയുടെ ശ്രേഷ്‌ഠത പോലെ തന്നെ, ഊതിപ്പെരുപ്പിച്ചെടുത്ത ഒരു റബർ
ബലൂണിന്റെ ചന്തമേയുള്ളു മലയാളിത്തത്തിനും മലയാളിജീവിതത്തിനും.
സ്വന്തമായി ഒന്നും ചെയ്യില്ല ടിപ്പിക്കൽ മലയാളി. വല്ലവരും
വല്ലതും ചെയ്യുന്നതു കണ്ടാൽ തീരെ സഹിക്കുകയുമില്ല. ചിന്തകളുടെ കാര്യവും അങ്ങനെ
തന്നെ. വയർ നിറയണമെങ്കിൽ തമിഴ്‌നാട്ടിൽ നിന്നു പച്ചക്കറിയും ആന്ധ്രയിൽ നിന്നുള്ള
അരിയും വരുന്നതുപോലെ തന്നെ അതും ഇറക്കുമതി ചെയ്‌താലേയുള്ളു. വിശ്വാസങ്ങളും
ബോധ്യങ്ങളും പോലും പുറത്തുനിന്നെടുത്ത് തലയിൽ ചുമന്നു നടക്കും. എന്നിട്ട്
അടുത്തിരിക്കുന്നവന്റെ തലയിലേക്ക് അതു കുത്തിനിറയ്‌ക്കാൻ നോക്കും. അവനതിന്റെ
വരിക്കാരനാവാൻ ഉദ്ദേശ്യമില്ലെന്നു കണ്ടാൽ അവനപ്പുറത്തിരിക്കുന്നവനേക്കൊണ്ട് അവനെ
കുത്തിക്കീറിക്കും. (അതുപോലും തനിയെ ചെയ്യില്ല ഈ വൃത്തികെട്ട ജീവി!).
കുറുക്കുവഴികളോട് ഒരു തരം അഭിനിവേശം തന്നെയുണ്ട്. കൈക്കൂലി
കൊടുക്കാതെ ജീവിക്കുന്ന കാര്യം ആലോചിക്കുകയേ വേണ്ട. മരിക്കാൻ കിടക്കുന്ന രോഗിയുടെ
മൂക്കിലേക്ക് ഓക്സിജൻ ട്യൂബ് കുത്തിക്കയറ്റാൻ പോലും കൈക്കൂലി വേണം. നിയമനം
നടത്തുന്ന പള്ളീലച്ചനായാലും നിയമം നോക്കേണ്ടെ പൊലീസുകാരനായാലും കൈക്കൂലി അഥവാ കോഴ
ഇല്ലാതെ ഒന്നും നടക്കില്ല. നടക്കാനിടയുണ്ടെങ്കിൽത്തന്നെ നമ്മൾ സമ്മതിക്കില്ല.
മേടിച്ചില്ലെങ്കിൽ പോലും കൊടുക്കും. കൊടുത്തില്ലെങ്കിൽപ്പോലും മറക്കാതെ ചോദിച്ചു
വാങ്ങും.
നാട്ടുകാരെ ചവിട്ടിക്കൂട്ടാൻ ബ്രിട്ടീഷുകാർ ഉണ്ടാക്കിയ സിലബസിലാണ്
ഇപ്പോഴും പൊലീസിനെ പരിശീലിപ്പിക്കുന്നത്. മനുഷ്യരെ എങ്ങനെ
ഉപദ്രവിക്കാമെന്നതിനേക്കുറിച്ച് പ്രത്യേകിച്ച് പരിശീലനമൊന്നും ആവശ്യമില്ലാത്ത
മലയാളികൾ തന്നെയാണ് ഈ പൊലീസാകുന്നത് എന്നും കൂടി ഓർക്കണം! ഹെൽമറ്റില്ലാതെ ബൈക്ക്
ഓടിക്കുന്നതും സൈക്കിളിൽ ഓവർലോഡ് പോകുന്നതുമൊക്കെയാണ് നാട്ടിലെ ഏറ്റവും വലിയ
കുറ്റങ്ങൾ. മേലനക്കേണ്ട ആവശ്യമില്ലാത്തതുകൊണ്ട് എല്ലാ വളവിലും പരിശോധന, ഉടനുടൻ ശിക്ഷ. ഇത്തരം വലിയ
കുറ്റവാളികളെ കൈകാര്യം ചെയ്യാനുള്ള തിരക്കിനിടെ കൊലപാതകം, ബലാത്സംഗം, ബാങ്ക് കൊള്ള തുടങ്ങിയ ചെറിയ
ചെറിയ കുറ്റകൃതങ്ങൾ ചെയ്യുന്നവരെ പിടികൂടാനൊന്നും സമയം കിട്ടാറില്ല.
കിട്ടിയാൽത്തന്നെ, അന്വേഷണവും
വിചാരണയും വിധിയും അപ്പീലുമൊക്കെ കഴിഞ്ഞ് കാര്യങ്ങൾ ഒരു തീരുമാനമായി
വരുമ്പോഴേക്കും പ്രതി പരലോകത്ത് എത്തിയിട്ടുണ്ടാവും.
പ്രശ്‌നങ്ങളുണ്ടാക്കാൻ നമ്മളു കഴിഞ്ഞേ ലോകത്തിൽ ആളുള്ളു.
സമരം ചെയ്യാനും തല്ലിപ്പൊളിക്കാനുമൊക്കെ എന്താ ആവേശം! നടത്തിയ സമരങ്ങളുടെ എണ്ണം
പറയുന്നതിലാണ് പൊതുജനസംഘടനകളുടെ മഹത്വം കുടികൊള്ളുന്നത്. സ്വന്തം നികുതിപ്പണത്തിൽ
നിന്നുണ്ടായി വന്ന കെട്ടിടങ്ങൾ തല്ലിപ്പൊളിച്ച്, വാഹനങ്ങൾക്ക് തീയിട്ട്, അതുകൊണ്ടരിശം തീരാതെ കണ്ണിൽ
കണ്ടവന്റെയൊക്കെ നെഞ്ചത്തു കയറാൻ വെമ്പൽ കൊണ്ട് വഴി തടഞ്ഞു നടക്കുന്ന തെണ്ടികളുടെ
(ക്ഷമിക്കണം, ഇതിലും
കൃത്യമായ വാക്കൊന്നും ഇപ്പോൾ തോന്നുന്നില്ല.) മുഖത്തെ അഭിമാനം കണ്ടാൽ തോന്നും
അവനൊക്കെ ഉപ്പു കുറുക്കാൻ ദണ്ഡി വരെ നടന്നിട്ടു വരികയാണെന്ന്.
എന്നാൽ പ്രശ്നങ്ങൾ പരിഹരിക്കുക നമ്മുടെ വിഷയമല്ല.
ഗുരുതരമാകുന്നതുവരെ അനങ്ങാതെ നോക്കിയിരിക്കും. കൈവിട്ടു പോകാറായി എന്ന
സ്ഥിതിയെത്തുമ്പോൾ കുറേ ഇരുട്ടുമായി ഇറങ്ങും ഓട്ട അടയ്‌ക്കാൻ. ഈ കലാവിരുതിൽ
ഏറ്റവും വൈദഗ്ദ്ധ്യമുള്ളവരെ നമ്മൾ നമ്മുടെ നേതാക്കന്മാരായി തിരഞ്ഞെടുത്ത് നമ്മളെ
ഭരിക്കാനുള്ള അവകാശവും കൊടുത്ത് പറഞ്ഞുവിടും. പിന്നെ, അവർ എന്തു ചെയ്താലും നമ്മൾ
വീട്ടിലിരുന്ന് തെറി പറയുകയോ ജയ് വിളിക്കുകയോ തരം പോലെ നടത്തും. വേറെ
ഉപദ്രവമൊന്നുമില്ല.
ജാതി, മതം, രാഷ്‌ട്രീയം എന്നൊക്കെ പറഞ്ഞാൽ
ഒരു തരം ഭ്രാന്താണ്. സ്വാമി വിവേകാനന്ദൻ വന്നുപോയതിനു ശേഷം ഭ്രാന്ത് പുതിയ പുതിയ
മേഖലകളിലേക്കു വ്യാപിച്ചതല്ലാതെ ആ മഹാനുഭാവൻ കണ്ട കേരളത്തിന് ഒരു മാറ്റവും
സംഭവിച്ചിട്ടില്ല; 916 പരിശുദ്ധിയുള്ള ഭ്രാന്താലയം തന്നെ! ജാതി പറയാൻ പാടില്ല; ഭയങ്കര അപമാനകരമാണ്, ക്രിമിനൽ ഒഫൻസാണ്. എന്നാൽ, മതവും ജാതിയും വംശവുമൊക്കെ ഇനം
തിരിച്ച് കോളം വരച്ച് പട്ടികയുണ്ടാക്കി കൊടുക്കുന്ന സംവരണവും സമ്മാനങ്ങളും
സൗജന്യങ്ങളുമൊന്നും എള്ളിട തെറ്റാതെ കണക്കു പറഞ്ഞ് വാങ്ങുമ്പോൾ ജാതിയിൽ
കടിച്ചുപിടിച്ച് തൂങ്ങിക്കിടക്കും. കീഴ്‌ജാതിക്കാരനായി പ്രഖ്യാപിക്കണമെന്ന്
ആവശ്യപ്പെട്ട് മേൽജാതിക്കാരൻ സമരം നടത്തും.
രാഷ്‌ട്രീയം ചോരയിൽ അലിഞ്ഞിരിക്കുകയാണെന്നാണ് വയ്‌പ്. പക്ഷേ, the
art or science of government എന്ന് നിർവചിക്കപ്പെടുന്ന രാഷ്‌ട്രീയവുമായി അതിനു നൂൽബന്ധം
പോലുമില്ല. ഇവിടെ രാഷ്‌ട്രീയമെന്ന് പറഞ്ഞാൽ രണ്ടേ രണ്ടു കാര്യങ്ങളാണ്
സംഭവിക്കുന്നത്: നേതാക്കന്മാർ പൊതുമുതൽ കൈയിട്ടു വാരും. ജനങ്ങളാകട്ടെ, ഈ കൈയിട്ടുവാരലിനേക്കുറിച്ച്
പൈങ്കിളിപ്പത്രങ്ങളിൽ വരുന്ന അഴിമതിയാരോപണങ്ങളും അടുക്കളക്കഥകളും
ഇക്കിളിവാർത്തകളും വായിച്ച് കുളിരു കോരി മരിക്കും. അതിനിടയ്‌ക്ക് ഒരു മന്ത്രിക്ക്
കാമുകിയുണ്ടാവുകയോ ഒരു സിനിമാനടി വിവാഹമൊഴിയുകയോ മറ്റോ ചെയ്‌താൽ മൂന്നു
ദിവസത്തേക്ക് ഭക്ഷണം പോലും ഉപേക്ഷിച്ച് ചർച്ച ചെയ്തു കളയും.
ലൈംഗികത എന്നു പറഞ്ഞാൽ മലയാളിക്ക് ഒരു മനഃപ്രയാസമാണ്.
ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തിയിട്ടും ആരോഗ്യകരമായി ഈ വിഷയം കൈകാര്യം ചെയ്യാൻ
പഠിച്ചിട്ടില്ല നമ്മൾ. പുരുഷന്മാരുടെ കണ്ണിൽ സ്‌ത്രീകൾ ചരക്കാണ്. സ്‌ത്രീകളുടെ
കണ്ണിൽ പുരുഷന്മാർ കാമഭ്രാന്തന്മാരും. അങ്ങനെയല്ലാതെ, ആണ് പെണ്ണിനെയോ പെണ്ണ് ആണിനെയോ
സഹജീവിയായി കാണുന്നത് പാപം, സാമൂഹ്യവിരുദ്ധം.
അവരെ നമ്മൾ സാദാചാരധ്വംസകരും അപഥസഞ്ചാരികളും അസന്മാർഗികളുമായി പ്രഖ്യാപിച്ച്
സ്വന്തം ലൈംഗികാല്പജ്ഞാനത്തെയും അപകർഷതാബോധത്തെയും അസൂയയേയും ആശ്വസിപ്പിക്കും.
നേരെ
ചൊവ്വേ ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നതു കണ്ടാൽ നമുക്ക് തീരെ വിശ്വാസമില്ല. ആ
ചതിയനെ എങ്ങനെ അവിടെ നിന്ന് ഓടിക്കാം എന്നതിൽ ഒറ്റക്കെട്ടായി ഗവേഷണം നടത്തും.
എന്നാൽ, പറ്റിക്കാൻ
വരുന്നവരോട് ഈ കടുത്ത മനോഭാവമൊന്നുമില്ല. ആടായാലും തേക്കായാലും മാഞ്ചിയമായാലും
നമ്മൾ ഇരുകൈകളും നീട്ടി സ്വീകരിക്കും. കൈയും കാലും കൊട്ടി പ്രോത്സാഹിപ്പിക്കും.
എന്നിട്ട് തല കക്ഷത്തിൽ വച്ചുകൊടുത്തിട്ട് വിലപിച്ചുകൊണ്ടിരിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ